കോവിഡ് വീണ്ടും പിടിമുറുക്കുന്നതിനിടെ, ആശങ്കയായി പുതിയ വകഭേദം
ചൈന അടക്കമുള്ള രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പിടിമുറുക്കുന്നതിനിടെ, ആശങ്കയായി പുതിയ വകഭേദം കണ്ടെത്തി. കൊറോണ വൈറസിന്റെ പുതിയ വകഭേദമായ എക്‌സ്ഇ വേരിയന്റാണ് കണ്ടെത്തിയത്. ബ്രിട്ടനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ ലോകത്ത് പടരുന്ന ഒമൈക്രോണ്‍ ബിഎ 2 ഉപവകഭേദത്തേക്കാള്‍ പത്തുശതമാനം കൂടുതല്‍ വ്യാപനശേഷിയുള്ളതാണ് പുതിയ വേരിയന്റ് എന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു.
ഒമൈക്രോണ്‍ ബിഎ1, ബിഎ2 വകഭേദങ്ങളുടെ ഹൈബ്രിഡ് സമന്വയമാണ് എക്‌സ്ഇ എന്നാണ് ഡബ്ലിയുഎച്ച്ഒയുടെ വിലയിരുത്തല്‍. ജനുവരി 19 നാണ് എക്‌സ് ഇ വകഭേദം ബാധിച്ച കേസ് ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. BA.2 വകഭേദത്തെ അപേക്ഷിച്ച് 10 മടങ്ങ് കമ്മ്യൂണിറ്റി വളര്‍ച്ചാ നിരക്ക് പുതിയ വകഭേദത്തിന് ഉണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇതുവരെ, ഒമൈക്രോണിന്റെ BA.2 സബ് വേരിയന്റാണ് ഏറ്റവും വ്യാപനശേഷിയുള്ള കോവിഡ് വകഭേദമായി കണക്കാക്കപ്പെട്ടിരുന്നത്.
ലോകരാജ്യങ്ങളില്‍ കോവിഡിന്റെ ബിഎ2 വകഭേദം വ്യാപകമായി പടര്‍ന്നുകൊണ്ടിരിക്കെയാണ് പുതിയ വേരിയന്റിനെ കണ്ടെത്തുന്നത്. ബ്രിട്ടീഷ് ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സിയുടെ പഠനപ്രകാരം എക്‌സ്ഡി, എക്‌സ്ഇ, എക്‌സ് എഫ് എന്നീ മൂന്ന് പുതിയ ഉപവകഭേദങ്ങളാണ് ലോകത്ത് പടര്‍ന്നുകൊണ്ടിരിക്കുന്നത്.